pi

Blogger Tips and TricksLatest Tips And TricksBlogger Tricks

മികച്ച സ്‌കൂളുകള്‍ക്ക് പ്രത്യേക പുരസ്‌കാരം: വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ അവാര്‍ഡ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ ഒന്നിനും കൊള്ളില്ലായെന്ന ധാരണ മാറ്റാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. വിവിധ തലങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ കാരണം ഓരോ വര്‍ഷവും സര്‍ക്കാര്‍ സ്‌ക്കുളുകളിലേക്ക് വരുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കയാണെന്നും പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് ഇന്നലെ അക്ഷരമുറ്റങ്ങളിേലക്ക് കടന്നു വന്നത്. വിദ്യാര്‍ഥികള്‍ക്കായുള്ള യു ഐ ഡി കാര്‍ഡ് പൂര്‍ത്തിയായി.
കലോത്സവങ്ങളിലും സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കും ഇനി ഈ കാര്‍ഡ് നമ്പര്‍ വഴിയാണ് കുട്ടികളെ തിരിച്ചറിയുക. എസ് എസ് എ ഫണ്ട് വഴി ഗവണ്‍മെന്റ് സ്‌ക്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കുന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
സര്‍ക്കാര്‍ ഫണ്ട് വഴിയാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുക. പാഠ്യപദ്ധതി പരിഷ്‌കരണം 2014-2015 വര്‍ഷങ്ങളില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അധ്യയന ദിവസങ്ങളില്‍ അധ്യാപക പരിശീലനം നല്‍കിവന്നിരുന്ന നയം മാറ്റി. പൊതു അവധി ദിവസങ്ങളിലും അവധി കാലങ്ങളിലും മാത്രമെ ഇനി ഇത്തരം പരിശീലനം നല്‍കു. കേരളമാകെ ഒരേ രീതിയിലുളള ഉച്ചഭക്ഷണം നല്‍കിയതിനു പകരമായി ഇഷ്ടമുളള ഭക്ഷണം വാങ്ങാന്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിക്ക് അധികാരം നല്‍കി. 2014-15 അധ്യയന വര്‍ഷത്തേക്ക് പുതിയ പാഠ്യപദ്ധതി തയ്യാറായി വരികയാണ്.
സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് പാഠപുസ്തകങ്ങള്‍ എത്തിച്ചു കഴിഞ്ഞു. കുട്ടികളുടെ നിയമാവകാശ കമ്മിഷനെ കേരളത്തില്‍ നിയോഗിച്ചുവെന്നും ന്യുട്രീഷന്‍ പോളിസി ഏതാനു ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുമെന്നും മന്ത്രി എം കെ മുനീര്‍ .
സംസ്ഥാന സ്‌ക്കൂള്‍ പ്രവേശനോത്സവത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വര്‍ണാഭമായ ഘോഷയാത്രയോടെയായിരുന്നു വിദ്യാലയങ്ങള്‍ അക്ഷരമുറ്റത്തേക്കു ചുവടുവെക്കുന്ന നവാഗതരെ സ്വീകരിച്ചത്.
മീഞ്ചന്ത വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്ന പ്രവേശനോത്സവം വര്‍ണാഭമായ ഘോഷായാത്രയോടെയാണ് ആരംഭിച്ചത്. ജില്ലാ കലക്ടര്‍ സി എ ലത ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു. മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിനും എന്‍ എസ് എസ് സ്‌ക്കൂളിനും ഇടയിലുള്ള തിരുവച്ചിറ ലെയ്‌നില്‍ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. നഗരത്തിലെ വിവിധ സ്‌ക്കുളുകളിലെ വിദ്യാര്‍ഥികള്‍, ബാന്റ് സംഘങ്ങള്‍, എന്‍ സി സി, എസ് പി സി, സ്‌ക്കൗട്ട്, ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ അണിനിരങ്ങുന്നതായിരുന്നു ഘോഷയാത്ര. കേരളത്തിന്റെ തനതയായ സംസ്‌കാരം ഘോഷയാത്രയില്‍ നിറഞ്ഞിരുന്നു. വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തെ പി ടി എ പ്രസിഡന്റുമാര്‍ക്കയച്ച കത്തുകള്‍ ഉള്‍പ്പെടുത്തി എസ് എസ് എ തയ്യാറാക്കിയ പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപുസ്തകത്തിന്റെ സംസ്ഥാനതല പ്രകാശന കര്‍മ്മം കോര്‍പറേഷന്‍ മേയര്‍ എ കെ പ്രേമജം നിര്‍വഹിച്ചു. കോഴിക്കോട് ഡി ഡി എം കെ അജയകുമാര്‍ കൈപുസ്തകം ഏറ്റുവാങ്ങി. പ്രവേശനോത്സവ കിറ്റിന്റെ വിതരണം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു.